11 ജൂൺ 2015

പാചകം


*ചിക്കൻ കുക്ക

പേരില്ലാത്ത ഒരു ചിക്കൻ കറി ആരുന്നു ഇത്. പിന്നെ ഞാൻ ആയിട്ട് ഒരു പേര് അങ്ങിട്ടു.. കുക്കറിൽ ഉണ്ടാക്കിയ ചിക്കൻ ആയ കൊണ്ട് ചിക്കൻകുക്ക ..
രണ്ടേ രണ്ടു സ്റ്റെപ് മാത്രം - കുക്കർ അടച്ചു വച്ചു വേയിക്കുക .. കുക്കർ തുറന്നു വച്ചു വേയിക്കുക ..( രണ്ടു സ്റ്റെപ് എന്ന് പറയുമ്പോ രണ്ടു രണ്ടര ഒക്കെ വരും ) .ഏറ്റവും എളുപ്പത്തിൽ വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് അനായാസം ആർക്കും ചിക്കൻ കുക്ക തയ്യാറാക്കാം .
വേണ്ടപെട്ടവർ :
ചിക്കൻ - അര കിലോ ( വിത്ത്‌ സ്കിൻ ആണ് നല്ലത്. എനിക്ക് വിത്ത്‌ സ്കിൻ കാണാൻ ഇഷ്ട്ടമല്ലാത്ത കൊണ്ട് ഞാൻ വിത്ത്‌ ഔട്ട്‌ സ്കിന്നാ എടുക്കാറു )
സവാള - ഇടത്തരം രണ്ടെണ്ണം (ചെറിയതോ വലുതോ ആണേലും കൊയപ്പം ഇല്ല. ഇല്ലെങ്കിൽ ഉപേക്ഷിച്ചാലും ആരും ഒന്നും പറയില്ല )
ഉപ്പു- ആവശ്യത്തിനു
മുളക് പൊടി - നല്ല എരി ഉള്ളത് രണ്ടു ടീ സ്പൂണ്‍ ( നിങ്ങടെ എരിയോടുള്ള ഇഷ്ട്ടം അനുസരിച്ച് കൂട്ടുവൊ കുറക്കുവോ ചെയ്യാം )
മഞ്ഞൾ പൊടി - കാൽ ടീ സ്പൂണ്‍
കറി വേപ്പില - നല്ലോണം വേണം
പച്ച മുളക് - അഞ്ജാരെണ്ണം (5 -6)
വെള്ളം - ഇച്ചിരി
എണ്ണ - ആവശ്യത്തിനു
കുക്കർ - ഒരെണ്ണം
ഇളക്കാനുള്ള തവി - ഒന്ന്
മതി മതി .. തീർന്നു .. ഇത്രേം സായനം ഉണ്ടേ നമ്മുടെ സാധനം റെഡി ആണ്.. അയ്യോ ഗാസും വേണം.
ഇനി തിന്നാൻ പാകമാക്കുന്ന വിധം
step 1 :
കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചിക്കൻ ആദ്യം കുക്കറിൽ ഇടുക . പിന്നെ മുളക് പൊടിയും മഞ്ഞൾ പൊടിയും സവാളയും(സവാളേം മുറിക്കണം) ഉപ്പും ചേർക്കുക. തിരുമ്മി പിടിപ്പിക്കുക (വേണോങ്കിൽ ഇച്ചിരി ചിക്കൻ മസാല ചേര്ത്തോ ..കോഴി എങ്ങാനും നിര്ബന്ധം പിടിക്കുവാണേ ) . എന്നിട്ട് ഇച്ചിരി വെള്ളം ഒഴിക്കണം (ഇച്ചിരി ന്നു പറഞ്ഞാ ഇച്ചിരിയെ ഒഴിക്കാവൂ.. ) അടച്ചു വച്ച് ഗാസേൽ വച്ച് ഒറ്റ ഒരു വിസിൽ അടിപ്പിക്കുക ( രണ്ടാമത്തെ കൂടി അടിച്ചാ ചിക്കെൻ എല്ലെന്നു ഇങ്ങു ഇളകി പോരും.അമ്മാതിരി ഇളക്കു ഇളക്കണം ഇനി രണ്ടാമത്തെ സ്റ്റെപ്പിൽ)

step 2 :
ഇനി അതിന്റെ ആവി പോയതിനു ശേഷം കുക്കറിന്റെ അടപ്പ് തുറന്നു വക്കുക. അപ്പൊ നമ്മൾ ഒഴിച്ച വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളവും ആയി നമ്മുടെ ചിക്കൻ നമ്മളെ നോക്കി ചിരിക്കും. അമാന്തിച്ചു നിക്കാതെ ഗ്യാസ് കത്തിച്ചു വീണ്ടും കുക്കർ എടുത്തു അടുപ്പത്തു വക്കുക. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വെട്ടി തിളക്കാൻ തുടങ്ങും. നമ്മൾ തളരരുത്.. അത് തിളക്കട്ടെന്നു വക്കണം . എന്നിട്ട് ചുമ്മാ എടുത്തു വച്ച പച്ച മുളക് കാളം പൂളം കണ്ടിച്ചു അതിലേക്കു ഇട്ടു കൊടുത്ത് നമ്മൾ ആസ്വസിക്കണം.ദേഷ്യം വരുമ്പോ നാല് ഇളക്കു വേണേലും ഇളക്കിക്കോ .. ഈ വെള്ളം പതുക്കെ പറ്റാൻ തുടങ്ങും. പറ്റി തീരാർ ആകുമ്പോ നമ്മൾ എടുത്ത് വച്ച കറി വേപ്പില ചുമ്മാ വാരി വിതറണം . കറി വേപ്പില ഈ കറിയുടെ സ്വാദിന്റെ മെയിൻ ആളാണ്‌. ഞാൻ അഞ്ചു രൂപയ്ക്കു കറി വേപ്പില വാങ്ങിയാൽ നാല് രൂപേടെ എങ്കിലും ഇതി ഇടും..(അവസാനം തിന്നുമ്പോ ഞാൻ തന്നെ ഇത് പെറുക്കി മടുക്കും. ബട്ട് തളരില്ല). കറി വേപ്പിലക്ക് ശേഷം വെള്ളം വറ്റി തീരാൻ തുടങ്ങനേനു തൊട്ടു മുന്നേ കുറച്ചു എണ്ണ (വെളിച്ചെണ്ണ യോ സൻ ഫ്ലവർ ഓയിലോ ) ഒഴിച്ച് കൊടുക്കുക. വിത്ത് സ്കിൻ ചിക്കൻ ആണേ അധികം വേണ്ട . നെയ്‌ അതിൽ തന്നെ ഉണ്ടാകും. എണ്ണ ഒഴിച്ച് നല്ലോണം ഇളക്കി എടുത്താ സംഭവം റെഡിയാ .. ഇതൊരു ഡ്രൈ ഐറ്റം ആണ്. എന്നാലും അവസാനം ഇച്ചിരി പെരണ്ട് ഇരുന്നാലും വല്യ കൊഴപ്പം ഇല്ല.
കുറച്ചു കൈപ്പുണ്ണ്യം മേടിച്ചു ചേർത്താ ഇച്ചൂടെ നല്ലതാകും.. പിന്നേം പിന്നേം ചൂടാക്കി തിന്നുവാനേ ടെയിസ്റ്റ് പിന്നേം പിന്നേം കൂടും..
രണ്ടേ രണ്ടു സ്റ്റെപ്പിൽ സ്വദിഷ്ട്ടമാർന്ന ചിക്കൻ കുക്ക തയ്യാർ .

 *സേമിയ പായസം

സേമിയ 50 ഗ്രാം
പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര 750 ഗ്രാം
നെയ്യ് 25 ഗ്രാം 
അണ്ടിപ്പരിപ്പ് 5 ഗ്രാം
മുന്തിരി 5 ഗ്രാം 
 കിസ്മിസ് 5 ഗ്രാം 
ബദാം 5 ഗ്രാം 
പിസ്ത 5 ഗ്രാം 
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
പാചകം ചെയ്യുന്ന വിധം :
ഉരുളിയില്‍ 15 ഗ്രാം നെയ്യൊഴിച്ച് സേമിയ ചുവപ്പു നിറത്തില്‍ വറുത്തെടുക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി വേവിച്ച് ഊറ്റിയെടുക്കുക. പിന്നീട് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ പാല്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പാട പിടിക്കാതെ കുറുക്കിയെടുക്കുക. കുറുക്കിയതില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ചതിനു ശേഷം ഊറ്റിയെടുത്ത സേമിയ പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. ബാക്കി 10 ഗ്രാം നെയ്യില്‍ അണ്ടിപരിപ്പ്,മുന്തിരി,കിസ്മിസ്, ബദാം വറുത്ത് ഇടുക.ചേര്‍ക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.

*വെജിറ്റബിള്‍ കുറുമ


കാരറ്റ്- 1 എണ്ണം
ബീന്‍സ്‌- ഒരു പിടി
ഉരുളന്‍ കിഴങ്ങ് -1 എണ്ണം
ഗ്രീന്‍ പീസ്‌ - 1/4 കപ്പ്‌
കോളിഫ്ലവര്‍ - 10 ഇതളുകള്‍
സവാള-1 എണ്ണം
കപ്പലണ്ടി- 10 എണ്ണം
ചിരവിയ തേങ്ങ- ഒരു cup
പച്ചമുളക്-4 എണ്ണം
ഇഞ്ചി-ഒരു ചെറിയ കഷ്ണം
പെരുംജീരകം,
ഗ്രാമ്പു- 7
കറുക പട്ട- 1
മല്ലി
ഏലക്ക-3
കടുക്‌, എണ്ണ, ഉപ്പു, കറിവേപ്പില,മഞ്ഞള്‍പ്പൊടി-
കാരറ്റ് നടുവിലെ മുറിച്ചു ചെറിയ കഷ്ണങള്‍ ആക്കുക.
കൊളിഫ്ലോവേര്‍ ഇതളുകള്‍ ആക്കി എടുക്കുക.
ബീന്‍സ്‌ മുറിച്ചെടുക്കുക.
സവാള നീളത്തില്‍ അരിഞ്ഞ് എടുക്കുക.
പാചകം ചെയ്യുന്ന വിധം :
പച്ചക്കറികള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
പച്ചമുളക്, ഇഞ്ചി, മസാല എന്നിവ ചേര്‍ത്ത് തേങ്ങ നല്ലപോലെ അരച്ചെടുക്കുക.
ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ സവാള വഴറ്റുക. വഴാന്നു വരുമ്പോള്‍ പച്ചകറികള്‍ ഇട്ടു വീണ്ടും വഴറ്റുക. അത് ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ടു ഇളക്കുക.
ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കി ,ഉപ്പ്‌ ചേര്‍ത്ത് അടച്ചു വെക്കുക. അരപ്പ്‌ കഷ്ണങളില്‍ പറ്റിപിടിച്ചു കഴിഞ്ഞു ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റിവെക്കുക.

*ചിക്കന്‍ ബിരിയാണി

1. ബസ്മതി അരി : 1 കിലൊ ( 5 ഗ്ലാസ്)
2. ചിക്കന്‍ : 1കിലൊ ( 8 പീസുകള്‍)
3. പച്ച മുളക് : 6 എണ്ണം
4. ഇഞ്ചി : ഒരു വലിയ കഷണം
5. വെളുത്തുള്ളി : 10 അല്ലി
6. പശുവിന്‍ നെയ് : 4-5 സ്പൂണ്‍
7. എണ്ണ : 5-6 സ്പൂണ്‍
8. വലിയ ഉള്ളി : 8 എണ്ണം
9. മല്ലിയില : കുറച്ച്
10. പൊതിയിനയില : കുറച്ച്
11. ചെരുനാരങ്ങ : 1 എണ്ണം.
12. തക്കാളി : 3 വലുത്
13. ബിരിയാണി മസാലപ്പൊടി : 3 വലിയ സ്പൂണ്‍
14. മല്ലിപ്പൊടി : 1 സ്പൂണ്‍
15. മുളകുപൊടി : അര സ്പൂണ്‍
16. ഖരം മസാല: കാല്‍ സ്പൂണ്‍
17. അണ്ടിപ്പരിപ്പ്, മുന്തിരി : കുറച്ച്
18. കുരുമുളക്, കറുകപട്ട, ഇല, ഏലക്ക, കറുകാമ്പ് : വളരെ കുറച്ച്.
പാകം ചെയ്യുന്ന വിധം
ഉള്ളി നീളത്തില്‍ കൊത്തിയരിയുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കൊത്തിയരിഞ്ഞ ഉള്ളിയിട്ട് (മുഴുവനുമല്ല - രണ്ട് ഉള്ളിയുടെ കഷണങ്ങള്‍ ബാക്കിവെക്കുക) വഴറ്റുക. അതിലേക്ക് അരച്ചു വെച്ച പേസ്റ്റ് (ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി) ചേര്‍ക്കുക. ഒന്നു മൂത്തു വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഒന്നര സ്പൂണ്‍ ഉപ്പ് , കഴുകി വൃത്തിയാകിയ ചിക്കന്‍ കഷണങ്ങള്‍ എന്നിവ ഇട്ട് മിക്സ് ചെയ്യുക. അതിനു ശേഷം ബിരിയാണി മസാല, മല്ലിപ്പൊടി, മുളകുപൊടി, ഖരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്യുക. പിന്നെ മല്ലിയില, പൊതിയിനയില എന്നിവയും ചേര്‍ത്ത് ചുറുനാരങ്ങ കുരു കളഞ്ഞ് പിഴിയുക. ഒന്നുകൂടി എല്ലാം ചേര്‍ത്ത് ഇളക്കി നല്ല കനമുള്ള അടപ്പ് കൊണ്ട് അടച്ച് ചെറുതീയില്‍ 20 മിനുറ്റ് വേവിക്കുക.
വേറൊരു വലിയ പാത്രത്തില്‍ (വട്ട പോലുള്ളത്) പശുവിന്‍ നെയ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരുള്ളി നീളത്തില്‍ കൊത്തിയരിഞ്ഞത് ചേര്‍ക്കുക. പതിനെട്ടാം ചേരുവയും ചേര്‍ക്കുക. ഒരുമിനുട്ടിനു ശേഷം അതിലേക്ക് 7 ഗ്ലാസ് വെള്ളം ഒഴിക്കുക. (അരി അളന്ന അതേ ഗ്ലാസ്സളവ്). ഒന്നര സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം തിളച്ച് വരുമ്പോള്‍ കഴ്കി വെച്ച അരി ചേര്‍ത്ത് അടച്ച് ചെരുതീയില്‍ വെക്കുക. പതിനഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ഒന്നിളക്കി തീ ഒന്നു കൂടി കുറച്ച് പത്ത്-പതിനഞ്ച് മിനുട്ട് വേവിക്കുക. അപ്പോഴേക്കും വെള്ളം മുഴുവനും വറ്റി ചോര്‍ പാകത്തിനു വെന്തിട്ടുണ്ടാകും.
ചെറിയൊരു ഫ്രൈപാനില്‍ കുറച്ച് എണ്ണയൊഴിച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വഴറ്റി കോരിയെടുക്കുക.(അണ്ടിപ്പരിപ്പ് ചെറിയ ബ്രൗണ്‍ നിറമാകുന്നത് വരെയും, മുന്തിരി പൊങ്ങുന്നത് വരെയും മാത്രം).അതിനു ശേഷം അതേ എണ്ണയില്‍ തന്നെ ബാക്കി വന്ന ഒരുള്ളിയുടെ കഷണങ്ങള്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ നല്ല തീയില്‍ വഴറ്റുക.കാതു കോരിയെടുത്ത് അണ്ടി പരിപ്പ്, മുന്തിരി എന്നിവയോടൊപ്പം വെക്കുക.
ഇപ്പോള്‍ എല്ലാം തയാറായി. ഇനി ദം ഇടുകയാണ്‍ വേണ്ടത്. വട്ടയില്‍നിന്നും മുക്കാല്‍ ഭാഗം ചോര്‍ കോരിയെടുക്കുക. ബാകിവരുന്ന ചോറിനുമുകളില്‍ തയാറാക്കിയ പകുതി ചിക്കന്‍(കോരുമ്പോള്‍ നന്നായി ഇളക്കി കോരുക) ചേര്‍ക്കുക. അതിനു മുകളിലായി വേറെ കോരിവെചിരുന്നതില്‍ നിന്നും പകുതി ചോര്‍ ചേര്‍ക്കുക. അതിനു മുകളിലായി ബാക്കി ചിക്കനും കൂടി ചേര്‍ക്കുക. പിന്നെ അതിനു മുകളിലായി ബാക്കി മുഴുവന്‍ ചോറും ചേര്‍ത്ത് മുകള്‍ ഭാഗം ഒരുപോലെ അമര്‍ത്തി വെക്കുക. അതിനു മുകളിലായി വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, ഉള്ളി എന്നിവ വിതറുക. നല്ല കട്ടി അടപ്പ് കൊണ്ട് അടച്ചു വെച്ച് വളരെ ചെറിയ തീയില്‍ 15 മിനുട്ട് ദമ്മിനിട്ട് വേവുക്കുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text