മഴയാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഴയേ ആശ്രയിക്കുന്ന നാൽപ്പത്തിനാല് നദികൾ കേരളത്തിന്റെ വരദാനങ്ങളാണ്. നദികളുടെ ബാഹുല്യം നിരവധി അണക്കെട്ടുകൾ നിർമ്മിക്കപ്പെടാൻ കാരണമായി. പശ്ചിമഘട്ട മലനിരകളിലാണ് കേരളത്തിലെ ഡാമുകളിൽ മിക്കതും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഡാമുകളും അതിനെ ചുറ്റിനിൽക്കുന്ന പ്രകൃതിയും കാണാൻ വളരെ സുന്ദരമാണ്. തിരുവനന്തപുരം ജില്ല മുതൽ കണ്ണൂർ ജില്ല വരെ കേരളത്തിൽ പ്രശസ്തമായ നിരവധി ഡാമുകളാണുള്ളത്. മലമ്പുഴ ഡാം, പീച്ചി ഡാം, ഇടുക്കി ഡാം തുടങ്ങിയ ഡാമുകൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. പഴശി ഡാം കണ്ണൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കേരളത്തിലെ സുന്ദരമായ ചില ഡാമുകളെ നമുക്ക് പരിചയപ്പെടാം.
ഇടുക്കി ഡാം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമാണ് ഇടുക്കിഡാം. ഇടുക്കി ജില്ലയിൽ പെരിയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് ഇത്.
ഭൂതത്താൻ കെട്ട് ഡാം
എറണാകുളം ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ച ഈ ഡാം 1964ൽ ആണ് കമ്മീഷൻ ചെയ്തത്. കോതമംഗലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ബാണാസുര സാഗർ ഡാം
വയനാട് ജില്ലയിൽ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെയായി കരമനത്തോടിന് കുറുകയേണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ടാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ വച്ച് ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഡാമാണ് ഇത്. ഏഷ്യയിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുണ്ട്. ബാണാസുര മലയടിവാരത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ചിമ്മിണി ഡാം
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ എച്ചിപ്പാറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996ൽ ആണ് ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്. ചിമ്മിണി നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
ഇടമലയാർ ഡാം
എറണാകുളം ജില്ലയിൽ ഇടമലയാർ നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഭൂതത്താൻ കെട്ടിന് സമീപത്തായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. 1957ൽ ആണ് ഈ ഡാം കമ്മീഷൻ ചെയ്തത്.
കക്കയം ഡാം
കോഴിക്കോട് ജില്ലയിലെ കക്കയത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഡാം നിർമ്മിച്ചത്.
കല്ലട ഡാം (Thenmala)
കൊല്ലം ജില്ലയിൽ കല്ലടയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലേക്കുള്ള ജലസേചനത്തിനായാണ് ഈ ഡാം നിർമ്മിച്ചത്.
കാഞ്ഞിരപ്പുഴ ഡാം
പാലക്കാട് ജില്ലയിലെ മണർകാടിൽ നിന്ന് 15 കിലോമീറ്റർ അകലെയായി കാഞ്ഞിരപ്പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയായ തൂതപ്പുഴയുടെ കൈവഴിയാണ് കാഞ്ഞിരപ്പുഴ.
കാരപ്പുഴ ഡാം
വയനാട് ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കല്പറ്റയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
കുറ്റ്യാടി ഡാം
കേരളത്തിലെ സുന്ദരമായ ഡാമുകളിലൊന്നായ കുറ്റ്യാടി ഡാം സ്ഥിതി ചെയ്യുന്നത് കുറ്റ്യാടിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള പെരുവണ്ണാംമൂഴിയിലാണ്.
മലമ്പുഴ ഡാം
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് അനുബന്ധമായി നിർമ്മിച്ച ഉദ്യാനമാണ് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം
മാട്ടുപ്പെട്ടി ഡാം
ഇടുക്കി ജില്ലയിൽ മൂന്നാറിന് സമീപം മാട്ടുപ്പെട്ടിയിലാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമായ മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. പീരുമേട് താലൂക്കിലെ കുമളിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
നെയ്യാർ ഡാം
തിരുവനന്തപുരത്ത് നെയ്യാർ നദിക്ക് കുറുകെയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയായി പശ്ചിമ ഘട്ടത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ ഡാം.
പഴശ്ശി ഡാം
കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ഡാമിന്റെ നിർമ്മാണം പൂർത്തിയായത് 1979ൽ ആണ്.
പീച്ചി ഡാം
തൃശൂർ ജില്ലയിലാണ് പീച്ചി ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂർ നഗരത്തിൽ നിന്ന് 22 കിലോമീറ്ററാണ് ഈ ഡാമിലേക്കുള്ള ദൂരം
പൊൻമുടി ഡാം
ഇടുക്കി ജില്ലയിലെ പൊൻമുടിയിലാണ് പൊൻമുടി ഡാം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് രാജക്കാട് പോകുന്ന വഴിയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് 15 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
കുളമാവ് ഡാം
ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് കിടക്കുന്ന രണ്ട് ഡാമുകളിൽ ഒന്നാണ് കുളമാവ് ഡാം. ചെറുതോണിഡാം ആണ് മറ്റൊരു ഡാം.
ചെറുതോണി ഡാം
ഇടുക്കി ജില്ലയിലെ ചെറുതോണിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ഹൈഡ്രോളിക്ക് പ്രൊജക്ടിന്റെ ഭാഗമാണ് ഈ ഡാം. ഇടുക്കി, കുളമാവ് ഡാം ആണ് ഈ പദ്ധതിയിൽപ്പെട്ട മറ്റുഡാമുകൾ.
അരുവിക്കര ഡാം
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമത്തിൽ കരമനയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. 1934ൽ ആണ് ഈ ഡാം പണിതത്. നിരവധി വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അരുവിക്കര.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ