11 ജൂൺ 2015

കോഴിക്കോട്

മലബാറിലെ ഏറ്റവും പ്രധാന പ്രദേശമാണ് കോഴിക്കോട്. പഴയ സാമൂതിരി രാജാക്കന്മാരുടെ തലസ്ഥാനം. വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും സിരാകേന്ദ്രം. കിഴക്കിന്റെ സുഗന്ധദ്രവ്യങ്ങള്‍ തേടി വാസ്‌കോ-ഡ-ഗാമ കപ്പലിറങ്ങിയത് കോഴിക്കോടിനടുത്ത് കാപ്പാട് തീരത്താണ്. ഇന്ന്, കേരവൃക്ഷ തോപ്പുകളും, പ്രശാന്തമായ കടല്‍ത്തീരവും, ചരിത്രസ്മാരകങ്ങളും എല്ലാം ചേര്‍ന്ന് ഇവിടം ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു.

അവധിക്കാല സായാഹ്നങ്ങളില്‍ ഉല്ലസിക്കാന്‍ ബേപ്പൂരിലേക്കു വരിക. ഹൃദ്യമായ കാഴ്ചകളുമായി ഇവിടത്തെ പുലിമുട്ടുകളും തുറമുഖവും കപ്പലും പായക്കപ്പലുകളും ഉരുക്കളും ലൈറ്റ്ഹൗസും എല്ലാം കാത്തിരിക്കുന്നു. ബേപ്പൂരിലും ചാലിയത്തും അഴിമുഖത്തിനഭിമുഖമായി പണിത പുലിമുട്ടുകളാണ് ഇവിടത്തെ മുഖ്യആകര്‍ഷണം. കടലിലൂടെ ഒരു കിലോമീറ്റര്‍ നടക്കുന്നതിന് തുല്യമാണ് പുലിമുട്ടിലൂടെയുള്ള സവാരി. തിരമാലകള്‍ ചുറ്റിലും ആഞ്ഞടിക്കുന്നതിനിടെ ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകളെയും കാണാം.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബേപ്പൂര്‍ തുറമുഖപ്രദേശം മലബാറിലെ അത്യാകര്‍ഷകമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞു. സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ സഹകരണത്തോടെ സൗന്ദര്യവത്കരിച്ച ബേപ്പൂര്‍ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രം മെയ് മാസം ഉദ്ഘാടനം ചെയ്യും.

തികച്ചും പ്രകൃതിദത്ത തുറമുഖമാണ് ബേപ്പൂര്‍. കുഞ്ഞാലിമരക്കാര്‍ക്ക് കപ്പല്‍ പണിതുകൊടുത്തത് ഇവിടെ നിന്നാണ്. ബേപ്പൂര്‍ തുറമുഖവികസനത്തിന്റെ ഭാഗമായി കപ്പല്‍ ചാനലില്‍ മണ്ണ് വന്നടിയുന്നത് തടയാന്‍ വേണ്ടിയാണ് പുലിമുട്ടുകള്‍ നിര്‍മിച്ചത്. ബേപ്പൂരിന്റെ വാണിജ്യസാധ്യതകള്‍ക്കൊപ്പം തന്നെ പ്രാധാന്യം വിനോദസഞ്ചാരത്തിനും കൈവന്നുകഴിഞ്ഞു.

വൈദ്യുതവത്കരണമൊഴികെ മറ്റെല്ലാ ജോലികളും പുലിമുട്ടില്‍ പൂര്‍ത്തിയായിവരുന്നു. മറീന ബോട്ട്‌ജെട്ടിയുടെ സൗന്ദര്യവത്കരണവും ഏതാണ്ട് പൂര്‍ത്തിയായി. മനോഹരമായ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ചതാണ് പുലിമുട്ട് പാത. മറീന ജെട്ടിയിലിരുന്നു കടല്‍പ്പരപ്പ് കണ്ടാസ്വദിക്കാനും പുലിമുട്ടിലിരുന്നു ഡോള്‍ഫിനുകള്‍ കടലില്‍ ചാടിമറിയുന്നത് കാണാനും ബേപ്പൂരിലേക്ക് വരിക. പുലിമുട്ടിന് ഇരുവശവും ഗ്രാനൈറ്റ് ഇരിപ്പിടങ്ങളാണ്. പുലിമുട്ടുകളുടെ അറ്റം വരെ പോയ്ക്കഴിഞ്ഞാല്‍ കടലിന്റെ ശൗര്യം കാണാം. കാലവര്‍ഷക്കാലത്താണെങ്കില്‍ കടലിന്റെ സംഹാരതാണ്ഡവം നമ്മെ ഭയപ്പെടുത്തും. സഞ്ചാരികളുടെ വിനോദത്തിനായി കടലില്‍ പൊങ്ങിക്കിടക്കുന്ന ചങ്ങാടങ്ങളിലിരുന്നു ചൂണ്ടയിടാനും സൗകര്യങ്ങളൊരുക്കിവരികയാണ്. വിവിധതരം ജലകേളികള്‍ക്കും മെയ്മാസത്തെ 'ടൂറിസ്റ്റ് ഫെസ്റ്റോ'ടെ തുടക്കമാവും.

ബേപ്പൂര്‍ തുറമുഖത്തിന്റെ മറുകരയാണ് കരുവന്‍തുരുത്തി ദ്വീപ്. തൊട്ടരികിലായി പട്ടര്‍മാട് എന്ന ദ്വീപുമുണ്ട്. ഇവിടെ നിന്നാണ് കഴിഞ്ഞദിവസം ഖത്തറിലെ രാജകുടുംബാംഗത്തിനുവേണ്ടി ഇന്ത്യന്‍ ശില്പവൈദഗ്ദ്ധ്യത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിക്കാവുന്ന ഉല്ലാസഉരു നിര്‍മിച്ച് നീറ്റിലിറക്കിയത്. തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ ഈ ദ്വീപുകള്‍ സഞ്ചാരികളെ കൊതിപ്പിക്കും. ബേപ്പൂര്‍ തുറമുഖത്തിന് അഭിമുഖമായി ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കൊച്ചു ദ്വീപുകൂടിയുണ്ട്.



തുറമുഖത്തുനിന്ന് ജങ്കാര്‍ വഴി മറുകരയായ ചാലിയത്തെത്താം. അവിടെയാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ ബേപ്പൂര്‍ ലൈറ്റ് ഹൗസ്. കപ്പലുകള്‍ക്ക് വഴികാട്ടിയായ ഈ ലൈറ്റ്ഹൗസ് ടവറില്‍ കയറാന്‍ അനുമതിയുണ്ട്. ടവറില്‍നിന്ന് ബേപ്പൂര്‍ തുറമുഖത്തിന്റെ മൊത്തം പ്രകൃതിഭംഗി നുകരാം. ചാലിയം ഭാഗത്തെ പുലിമുട്ടിലൂടെ കൊച്ചുവാഹനങ്ങളില്‍ ഓടിച്ചുപോവാം. പുലിമുട്ടില്‍നിന്ന് അല്പം വടക്കുമാറിയാണ് ഗോതീശ്വരം ബീച്ച് റിസോര്‍ട്ട്. ഏക്കര്‍ കണക്കിന് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ റിസോട്ടില്‍ സഞ്ചാരികള്‍ക്ക് കംഫര്‍ട്ട് സ്റ്റേഷന്‍, പുല്‍ത്തകിടി, ഓപ്പണ്‍ മീറ്റിങ്ഹാള്‍, സീ ഫുഡ് റെസ്റ്റോറന്‍ഡ്, കാര്‍പാര്‍ക്കിങ് ഏരിയ എന്നിവയുണ്ട്. റിസോട്ടിലെ ഏറുമാടത്തിലിരുന്ന് കടല്‍പ്പരപ്പ് കണ്ടാസ്വദിക്കാം. മീഞ്ചന്ത റെയില്‍വേ ഗേറ്റ് വഴിയും ഇവിടെ എത്താം.

കോഴിക്കോട് നഗരത്തില്‍നിന്ന് ബേപ്പൂര്‍ക്ക് നേരിട്ടു വരുന്നവര്‍ക്ക് വട്ടക്കിണര്‍ വഴി അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബേപ്പൂര്‍ ടൗണിലെത്താം. രാമനാട്ടുകര ഭാഗത്തുനിന്നുള്ളവര്‍ക്ക് ചെറുവണ്ണൂര്‍, ബി.സി. റോഡുവഴി എളുപ്പത്തില്‍ ബേപ്പൂര്‍ തുറമുഖത്തേക്ക് വരാം. തുറമുഖ കവാടത്തിലെത്തിയാല്‍ പാസ് വാങ്ങി തുറമുഖ വാര്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ കാണാം.

ലക്ഷദ്വീപില്‍നിന്നുള്ള യാത്രക്കപ്പലുകളിലും മണ്ണുമാന്തിക്കപ്പലുകളിലും അനുമതിയോടെ കയറി സന്ദര്‍ശിക്കാം. കസ്റ്റംസിന്റെ വിദേശനിര്‍മിത സ്​പീഡ് ലോഞ്ചുകള്‍, തീരരക്ഷാസേനയുടെ ഇന്റര്‍ സെപ്റ്റര്‍ ബോട്ടുകള്‍, പൊളിക്കാന്‍ എത്തുന്ന കപ്പലുകള്‍, ടഗ്ഗുകള്‍, ബാര്‍ജുകള്‍, യന്ത്രവത്കൃത ഉരുക്കള്‍ എന്നിവ എപ്പോഴും തുറമുഖത്ത് ദൃശ്യമാണ്. ഒഴുകുന്ന ഹോട്ടലും ഉല്ലാസ ഉരുക്കളും ഇവിടെ നിര്‍മിക്കപ്പെടുന്നു. ഉരു നിര്‍മാണത്തിന് പേരുകേട്ട ബേപ്പൂരില്‍ ഉരുവിന്റെ മാതൃകകളും ധാരാളമായി പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. അധികൃതാനുമതിയോടെ ബോട്ടില്‍ ചാലിയാറില്‍ സഞ്ചരിക്കാനുമാകും.

ബി.സി.റോഡിന് തെക്കുവശത്ത് സ്ഥിതിചെയ്യുന്ന പൂതേരിദ്വീപും അതിനെ ചുറ്റി പായക്കപ്പലുകള്‍ നിറഞ്ഞ ജലാശയവും ആകര്‍ഷകമാണ്. രണ്ട് ശതാബ്ദങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍കാര്‍ ആരംഭിച്ച ഓട്ടുകമ്പനിയായ ഇന്നത്തെ ഫറോക്ക് ടൈല്‍വര്‍ക്‌സ് ബി.സി. റോഡില്‍ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text