11 ജൂൺ 2015

വയനാട്


ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍.കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള ചെറുദ്വീപുകളില്‍. മാനത്തേക്ക് ശിഖരം നീട്ടുന്ന മുത്തച്ഛന്‍ മരങ്ങളും വനപുഷ്പങ്ങളും കുളിരുപകരുന്ന കാട്ടുവഴികളും നഗരത്തിരക്കില്‍നിന്നെത്തുന്ന സഞ്ചാരികളുടെ മനംകവരുന്നു.

വയനാട്ടിലെ ജലവിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍കൂടിയാണ് കുറുവയില്‍ പ്രതിഫലിക്കുന്നത്. തടാകങ്ങളിലെ കുളിരില്‍ ഇത്തിരി നേരം ചെലവിടാന്‍... പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുപോലും സഞ്ചാരികള്‍ കൂട്ടമായി എത്താറുണ്ട്. 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ അനേകം ചെറു ജലാശയങ്ങളുണ്ട്. മഴക്കാലത്ത് കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങി ദ്വീപ് അപാരമായ വിദൂരക്കാഴ്ചകള്‍ നല്‍കും. സപ്തംബര്‍ പിന്നിടുന്നതോടെ കബനിയുടെ ഓളങ്ങള്‍ കടന്ന് ദ്വീപിലേക്കുള്ള യാത്രകള്‍ തുടങ്ങും. പിന്നീട് മഴക്കാലമെത്തുന്നതുവരെയും നിലയ്ക്കാത്ത പ്രവാഹം. 

ജൈവമണ്ഡലത്തില്‍നിന്ന് അനുദിനം പിന്‍വാങ്ങുന്ന നൂറുകണക്കിനു സസ്യങ്ങളുടെയും ചെറുപ്രാണികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കാടിന്റെ തനതു സംഗീതത്തിനു കാതോര്‍ക്കാന്‍ സഞ്ചാരികള്‍ ഇവിടെ നിശ്ശബ്ദരായി നടന്നു നീങ്ങുന്നു. പുഷ്പിക്കുന്ന വന്‍ മരങ്ങളും കരിമരുതും ഓര്‍ക്കിഡുകളും ഇവിടെ ധാരാളമായി കാണാം.

കൃത്രിമങ്ങളില്ലാത്ത കാട്ടറിവിന്റെ വശ്യത നുകരാന്‍ പ്രകൃതിപഠനയാത്രികരും വയനാട്ടിലേക്ക് ചുരം കയറുന്നു. ഒക്ടോബര്‍ ആകുന്നതോടെ കടല്‍ കടന്നും ദേശാടനക്കിളികള്‍ ഈ ദ്വീപിലേക്ക് വിരുന്നുവരാറുണ്ട്. ദ്വീപുകളുടെ തീരത്ത് ദിവസങ്ങളോളം ചെലവഴിച്ചാണ് വിദേശീയരായ ഈ സഞ്ചാരികളുടെ തിരിച്ചുപോക്ക്.


കടുത്ത വേനലിലും സൂര്യപ്രകാശം കടക്കാത്ത, വന്‍മരങ്ങള്‍ കുടചൂടിയ തണലോരങ്ങള്‍ യാത്രയുടെ വയനാടന്‍ അനുഭവങ്ങള്‍ അവിസ്മരണീയമാക്കുന്നു. മുളം ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടി കബനിനദിയിലൂടെ കുറുവയെ ചുറ്റിക്കാണാന്‍ റിവര്‍റാഫ്റ്റിങ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിനു മൂന്നൂറ് രൂപ നല്‍കിയാല്‍ ഓളപ്പരപ്പിലൂടെ സഞ്ചാരികള്‍ക്കു യാത്ര ചെയ്യാം. പത്തോളം പേരെ ചങ്ങാടത്തില്‍ കയറ്റിയുള്ള ഈ സാഹസിക ജലയാത്ര സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്.

റോഡ് ഒടിച്ചു മടക്കുന്നതുപോലെയുള്ള ഒമ്പത് മുടിപ്പിന്‍ വളവുകളും അനേകം ചെറുവളവുകളും നിറഞ്ഞ പാതയാണ് വയനാട് ചുരത്തിലേത്. അടിവാരത്തുനിന്ന് കയറാന്‍ തുടങ്ങി അഞ്ചാം മുടിപ്പിന്‍ വളവിലെത്തിയാല്‍ പിന്നെ മുകളിലെത്തുവോളം റോഡിന്റെ ഇരു ഭാഗത്തും നിബിഡവനമാണ്. കാടിന്റെ കുളിര്‍മയും അതിലെ ജൈവ വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയും സഞ്ചാരികളെ ത്രസിപ്പിക്കും. കാട്ടുവള്ളികള്‍ തൂങ്ങി നില്‍ക്കുന്ന വന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടിന്റെ സ്വാഭാവികമായ വശ്യഭംഗി ചുരത്തിലൂടെ വരുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും. വേനലില്‍ നീരൊഴുക്കു നിലച്ചെങ്കിലും ചുരത്തിലെ കാട്ടു ചോലകള്‍ ആപ്രകൃതിദൃശ്യങ്ങള്‍ക്ക് ഭംഗി പകരുന്നതാണ്. അതിലെ നീരൊഴുക്കില്‍ കാടിന്റെ തണുപ്പ് തൊട്ടറിയാം.

കാഴ്ചകള്‍ കണ്ട് മുന്നേറി മുകളിലെ ഒമ്പതാം വളവും പിന്നിട്ട് മുമ്പോട്ടു വരുമ്പോള്‍ വ്യൂ പോയന്റ് കാണാം. താഴ്‌വാരക്കാഴ്ചകളിലേക്ക് മിഴി തുറക്കാന്‍ ഇവിടെയാണ് സൗകര്യം. അടിവാരത്തു നിന്നു വളഞ്ഞു പുളഞ്ഞു കയറിവരുന്ന റോഡും അതിലൂടെ ഉറുമ്പ് നടക്കുന്നതാണെന്നു തോന്നിക്കുമ്പോലെ വാഹനങ്ങള്‍ കയറി വരുന്നതും രസകരമായ കാഴ്ചയാണ്.

ദൂരെയുള്ള പട്ടണങ്ങളും കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം നിറഞ്ഞ് മനോഹരമായ കാഴ്ചയാണ് ഇവിടെ ലഭിക്കുക. വൈകുന്നേരമായാല്‍ അറബിക്കടലില്‍ സൂര്യന്‍ താഴുന്ന ഒരസ്തമന ദൃശ്യത്തിന്റെ ദൂരക്കാഴ്ചയും ചേതോഹരമാണ്.

കോഴിക്കോട്ടു നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടിവാരത്തെത്താം. 12 കിലോമീറ്ററാണ് ചുരം റോഡിന്റെ ദൈര്‍ഘ്യം. വയനാട് ജില്ലയുടെ അതിര്‍ത്തിയായ ലക്കിടിയിലേക്കാണ് റോഡ് ചെന്നുചേരുന്നത്. ഇവിടെ നിന്നും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാം. ചുരത്തില്‍ നിന്ന്അടിവാരത്തെത്തി ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലെത്താം. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ കൂടി പോയാല്‍ അരിപ്പാറ വെള്ളച്ചാട്ടവും കണ്ട് മടങ്ങാം.

വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ഈ വിനോദകേന്ദ്രത്തിലെ ആരവങ്ങള്‍ അടങ്ങുന്നില്ല. മലനിരകള്‍ക്ക് അഭിമുഖമായുള്ള അണക്കെട്ടിന്റെ തീരത്ത് സഞ്ചാരികളുടെ നീണ്ട നിരകള്‍ പതിവായിരിക്കുകയാണ്.

ഓളപ്പരപ്പുകളും ചെറുദ്വീപുകളും കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കുന്നുകളും തേക്കടിക്ക് സമാനമായ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനു മുകളില്‍നിന്നുള്ള വിദൂരക്കാഴ്ചകള്‍ ആരുടെയും മനം കുളിര്‍പ്പിക്കും. ഹൈഡല്‍ ടൂറിസം നടപ്പാക്കിയതു മുതലാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. വൈദ്യുതിബോര്‍ഡാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. 

കുന്നുകളെ ചുറ്റി കണ്ണെത്താദൂരത്തേക്ക് കണ്ണാടിപോലെ ജലം കാറ്റിലുലയുമ്പോള്‍ ബാണാസുരസാഗറിനു കാന്തികൂടുന്നു. ചോലവനങ്ങളും കാട്ടരുവികളും ഏറെയുള്ള പശ്ചിമഘട്ടത്തിന്റെ കാല്‍ക്കലാണ് ഈ വിനോദകേന്ദ്രം. ജലവിനോദകേന്ദ്രമെന്ന നിലയില്‍ ആഭ്യന്തര സഞ്ചാരികള്‍ക്കും മറുനാട്ടുകാര്‍ക്കും ഒരുപോലെ ബാണാസുരസാഗര്‍ പ്രിയപ്പെട്ടതാകുന്നു. മഴക്കാലത്തും വേനലിലും ഒരുപോലെ ഇവിടെ സഞ്ചാരികള്‍ എത്തുന്നു. വന്യജീവികള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങളായി പരിണമിക്കുകയാണ് ഈ വിനോദകേന്ദ്രം.

കഴുത്തിനൊപ്പം മുങ്ങിനില്ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് ഹട്ടുകള്‍ നിര്‍മിക്കാനും തുരുത്തുകളിലേക്ക് റോപ് വേ സൗകര്യം ഏര്‍പ്പെടുത്താനും ഹൈഡല്‍ ടൂറിസം തയ്യാറായിട്ടുണ്ട്. 122 കോടി രൂപയുടെ വികസന പദ്ധതികള്‍ താമസിയാതെ ഇവിടെയെത്തും. 

സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ബാണാസുര മലനിരകള്‍. അണക്കെട്ടിനോടു ചേര്‍ന്നുള്ള ചെങ്കുത്തായ മലകള്‍ സാഹസികരെ വെല്ലുവിളിക്കും. പാറക്കെട്ടുകള്‍ താണ്ടി മലയുടെ നെറുകയിലെത്താന്‍ നിരവധി സംഘങ്ങള്‍ ഇവിടെയെത്താറുണ്ട്. ഉയരത്തിലെത്തുന്നതോടെ വയനാടിന്റെയും താഴെ നാടുകളുടെയും വിദൂരക്കാഴ്ചകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും.

പരിസ്ഥിതിപഠനത്തിനെത്തുന്നവര്‍ക്ക് ഈ മലനിരകള്‍ നിധിയാണ്. നീലഗിരി ബയോസ്ഫിയറില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറ കൂടിയാണിത്. കര്‍ണാടകയില്‍നിന്നും 

മറ്റും ഒട്ടേറെപ്പേര്‍ ഇതിനായി മാത്രം ഇവിടെയത്തുന്നു.



-------------------

കൊടുംവളവുകളും അഗാധഗര്‍ത്തങ്ങളുമായി വയനാട് ചുരം കണ്ടുപിടിച്ച ആജാനുബാഹുവായ ആദിവാസി കരിന്തണ്ടന് ഒടുവില്‍ ചിത്രരൂപം. വന്യമൃഗങ്ങള്‍ നിറഞ്ഞ വന്‍മലയിലൂടെ വയനാട്ടിലേക്ക് കടക്കാന്‍ പാത കണ്ടെത്താനാകാതെ വിഷമിച്ച ബ്രിട്ടീഷുകാരെ സഹായിച്ചത് ആദിവാസി പണിയ വിഭാഗത്തിലെ കരിന്തണ്ടനായിരുന്നു.
ഇടതൂര്‍ന്ന വനത്തില്‍ കാലികളെ മേക്കുന്ന കരിന്തണ്ടന് കാനനവഴികള്‍ സുപരിചിതം. ആദിവാസികളുടെ പാരമ്പര്യവഴികള്‍ കാണിച്ചുകൊടുത്തതോടെ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ ഇതിലൂടെ ചുരംപാത പണിതു. വയനാട്ടിലേക്ക് ദുര്‍ഘടപാത കണ്ടുപിടിച്ചതിന്റെ ബഹുമതി തങ്ങള്‍ക്കു നഷ്ടമാകുമെന്നതിനാല്‍ ബ്രിട്ടീഷുകാര്‍ കരിന്തണ്ടനെ കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഓര്‍മക്കായാണ് ലക്കിടിയില്‍ ചങ്ങലമരം സ്ഥാപിക്കപ്പെട്ടത്.
കൊലപാതകശേഷം ചുരത്തിലൂടെ യാത്രചെയ്യുന്ന ബ്രിട്ടീഷുകാരെ കരിന്തണ്ടന്റെ ആത്മാവ് നിരന്തരം പേടിപ്പെടുത്തിയതിനാല്‍ ആത്മാവിനെ ചങ്ങലയില്‍ ബന്ധിപ്പിച്ചതാണെന്ന ഐതിഹ്യവുമുണ്ട്. പണിയ വിഭാഗത്തില്‍പെട്ട യുവാവ് ആദിവാസി മൂപ്പനായിരുന്നുവെന്നും കാലക്രമേണ കരിന്തണ്ടന്‍ എന്ന പേര് വീഴുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ചങ്ങലമരവും ചുരവുമൊക്കെയായി പ്രശസ്തനാണെങ്കിലും കരിന്തണ്ടന് ഇതുവരെ ചിത്രരൂപമുണ്ടായിരുന്നില്ല. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 'പീപ്പ്' എന്ന സന്നദ്ധസംഘടന ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ താമരശ്ശേരി സ്വദേശിയായ പടിഞ്ഞാറത്തറയിലെ ആര്‍ട്ടിസ്റ്റ് അയ്യപ്പനാണ് ചിത്രം തയാറാക്കിയത്.
അടിവാരം, ചിപ്ലിത്തോട്, പഴയവൈത്തിരി എന്നിവിടങ്ങളില്‍ കരിന്തണ്ടന്റെ വംശപരമ്പരയുണ്ട്. ഇവിടത്തെ കാരണവന്മാരില്‍നിന്നാണ് കരിന്തണ്ടന്റെ രൂപഭാവങ്ങള്‍ കിട്ടിയത്. നാലര അടി ഉയരവും മൂന്നര അടി വീതിയുമുള്ള ഓയില്‍ പെയ്ന്റിങ്ങില്‍ കരിന്തണ്ടന്റ ബലിഷ്ഠ രൂപം തീര്‍ക്കാന്‍ മൂന്നുമാസമെടുത്തു. ചിത്രത്തിന്റെ രൂപരേഖ ആദിവാസി കാരണവന്മാരെ കാണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി. സായ്പ്പിന് വഴികാട്ടിക്കൊടുത്ത് ചുരം കയറി വന്ന് ഗാംഭീര്യത്തോടെ നില്‍ക്കുന്ന കരിന്തണ്ടനാണ് ചിത്രത്തില്‍.
മുറുക്കാന്‍ ചവക്കല്‍, കടുക്കന്‍, മുടി, പട്ടുംവളയും, അരക്കെട്ട് തുണി, ശരീര ഘടന എന്നിവക്കെല്ലാം പ്രാധാന്യമുണ്ട്. താന്‍ അവസാനം അപകടത്തില്‍പെടുമെന്ന വിശ്വാസം കരിന്തണ്ടനുണ്ടായിരുന്നുവെന്നും ചിത്രത്തിലെ മുഖഭാവത്തില്‍ അത് വ്യക്തമാണെന്നും അയ്യപ്പന്‍ മാസ്റ്റര്‍ പറഞ്ഞു.

മാര്‍ച്ച് 11ന് ആദിവാസികള്‍ ചുരത്തില്‍ കരിന്തണ്ടന്‍ സ്മൃതിയാത്ര നടത്തുന്നുണ്ട്. ലക്കിടിയില്‍നിന്ന് തുടങ്ങുന്ന കാല്‍നടയാത്ര വൈകുന്നേരം നാലരയോടെ ലക്കിടി ചങ്ങലമരത്തില്‍ സമാപിക്കും. വയനാട് ചുരത്തിന് 'കരിന്തണ്ടന്‍ ചുരം' എന്ന് പേരിടുക, കരിന്തണ്ടന്‍ പ്രതിമ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തുന്ന യാത്രയില്‍ 500 ആദിവാസികള്‍ പങ്കെടുക്കും.

------------------------------------






ഇന്നും ആധ്യനിക നാഗരികത കടന്നു ചെല്ലാത്ത ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണ്. അമ്പലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു. ഡക്കാണ്‍ പീഢ ഭൂമിയുടെ തെക്കേ അഗ്രത്താണ് വയനാടിന്റെ സ്ഥാനം ഭൗമ ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്നത്.
ചെമ്പ്ര കൊടുമുടി
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും. കൊടുമുടിയുടെ മുകളില്‍ താമസിച്ചാല്‍ അവിസ്മരണീയമായ ഒരനുഭവമായിരിക്കും അത്.

ചെമ്പ്രയില്‍ താമസ സൗകര്യം ആഗ്രഹിക്കുന്നവര്‍ കല്‍പ്പറ്റയിലുള്ള ജില്ലാ ടൂറിസം കൗണ്‍സില്‍ ഓഫിസുമായി ബന്ധപ്പെടുക.

നീലിമല
വയനാടിന്റെ തെക്കുകിഴക്കേ ഭാഗത്തു സ്ഥിതി ചെയ്യുന്ന നീലിമലയിലേക്ക് കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ എത്തിച്ചേരാം.
ട്രക്കിംഗിനുള്ള നിരവധി കാനന പാതകള്‍ ഇവിടെയുണ്ട്. നീലിമലയുടെ മുകളില്‍ നിന്നും മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

മീന്‍മുട്ടി
നീലിമലയ്ക്കു തൊട്ടടുത്തായി കാണപ്പെടുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയില്‍ നിന്ന് 2 കി.മീ ദൂരം മാത്രമേ ഉള്ളു. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് താഴേക്കു പതിക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.

ചെതലയം
വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിക്ക് സമീപമാണ് ചെതലയം വെള്ളച്ചാട്ടം കാണപ്പെടുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തിയാല്‍ ചെതലയം ചെറിയ വെള്ളച്ചാട്ടമാണ്. പക്ഷിനിരീക്ഷകരുടെയും ട്രക്കിംഗ് പ്രിയരുടെയും ഇഷ്ട സ്ഥലമാണ.് ചെതലയത്തിന്റെ പരിസര പ്രദേശങ്ങള്‍.

പക്ഷി പാതാളം
സമുദ്രനിരപ്പില്‍ നിന്ന് 1700 ലധികം മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി കുന്നുകളില്‍ വനത്തിനുള്ളിലാണ് പക്ഷിപാതാളം. ഭീമാകാരമായ പാറകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ നിരവധി ഗുഹകള്‍ കാണപ്പെടുന്നു. അപൂര്‍വ്വ പക്ഷി മൃഗാദികളും ചെടികളും നിറഞ്ഞ പക്ഷി പാതാളം മാനന്തവാടിക്കു സമീപമാണ്. തിരുനെല്ലിയില്‍ നിന്ന് നിബിഡ വനത്തിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇവിടെ എത്തിച്ചേരാനാകൂ. നോര്‍ത്ത് വയനാട് DFO യില്‍ നിന്ന് ഇതിനുള്ള പ്രത്യേക അനുമതിയും വാങ്ങണം.

ബാണാസുര സാഗര്‍ അണക്കെട്ട്
മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.അണക്കെട്ടിന്റെ റിസര്‍വോയറില്‍ നിരവധി ചെറുദ്വീപുകള്‍ കാണാം. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്.

വയനാടിന്റെ ഗന്ധവും ശബ്ദവും ആസ്വദിച്ചു കഴിഞ്ഞാല്‍ ഇവിടെ നിന്ന് തനിമയാര്‍ന്ന എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാനാവില്ല. കാപ്പി, തേയില, സുഗന്ധ ദ്രവ്യങ്ങള്‍, തേന്‍, മുള ഉല്‍പ്പന്നങ്ങള്‍, ഔഷധച്ചെടികള്‍ അങ്ങനെ പലതും ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text