11 ജൂൺ 2015

തൃശ്ശൂര്‍

അതിരപ്പിള്ളി.

കുളിരുന്ന കാഴ്ച്ചയും ഓര്‍മ്മയുമാണ് അതിരപ്പിള്ളി. മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും...
ഒരു സംഘം കുരങ്ങന്‍മാരാണ് സ്വാഗതം പറഞ്ഞത്. സന്ദര്‍ശകരുടെ എണ്ണം കൂടുന്നതില്‍ വനംവകുപ്പിനേക്കാള്‍ സന്തോഷിക്കുന്നത് ഇവരാണെന്ന് തോന്നുന്നു. വെറൈറ്റി ഐറ്റംസ് കിട്ടുമല്ലോ! അവര്‍ പരക്കം പായുകയാണ്, ആരില്‍ നിന്നാണ് തിന്നാന്‍ കിട്ടുകയെന്നറിയാതെ. കപ്പലണ്ടിയും പഴവും കിട്ടിയതോടെ സംഘം ഹാപ്പി. ഒരുത്തന്റെ 'കഞ്ഞി'യില്‍ മറ്റൊരുത്തന്‍ കയ്യിട്ടു. അതോടെ ബഹളമായി. അരെടാ എന്തെടാ വിളികളും ഓട്ടവും, കുറച്ചു നേരം സന്ദര്‍ശകരെയും പേടിപ്പിച്ചു കുരങ്ങിന്‍ കൂട്ടം.

വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യം കണ്ടതോടെ കുരങ്ങിന്‍ കൂട്ടത്തെ ആരും മൈന്‍ഡ് ചെയ്യാതായി. ആനമുടിയില്‍ നിന്ന് ഷോളയാര്‍ വനത്തിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് ഇവളെത്തുന്നത്. നേരത്തെ ഇവിടെ വരുമ്പോള്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ പുഴയില്‍ കുളിക്കാനും ഉല്ലസിക്കാനുമെല്ലാം യാതൊരു തടസ്സവുമില്ലായിരുന്നു. ഇപ്പോള്‍ ഇവിടെ കുളി നിരോധിച്ചിരിക്കുകയാണ്. വനംവകുപ്പ് വടം കെട്ടിയിട്ടിട്ടുണ്ട് അതിനപ്പുറത്തേക്ക് പ്രവേശനമില്ല. സിനിമാ സ്റ്റില്ലു പോലെ വെള്ളച്ചാട്ടത്തിനരികിലായി ഒരു ഓലക്കുടിലുണ്ട്. ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് സന്ദര്‍ശകരെ നിരീക്ഷിക്കാനുള്ള ഇടം. വെള്ളച്ചാട്ടം അടുത്തു കാണാന്‍ നിരോധിത മേഖലയിലേക്ക് കാല്‍ വെച്ചതും വിസില്‍ മുഴങ്ങി. 'അങ്ങോട്ട് പോകരുത്' - വാച്ചറുടെ മുന്നറിയിപ്പ്. എണ്‍പതടി താഴ്ച്ചയിലേക്ക് പതിക്കുന്ന അതിരപ്പിള്ളി മനസ്സില്‍ ഒരു നുള്ള് പേടി തൂവും.

അതിരപ്പിള്ളിയിലെത്തുന്നവര്‍ മുകളില്‍ നിന്നുള്ള കാഴ്ച്ച കണ്ട് തിരിച്ചു പോവുകയാണ് പതിവ്. ഈ ജലപാതത്തിന്റെ സൗന്ദര്യം ഒരിക്കലും മായാതെ മനസ്സില്‍ നിറയണമെങ്കില്‍ പതനസ്ഥാനത്തേക്ക് പോകണം. കാട്ടിന് നടുവിലൂടെ കുത്തനെയുള്ള ഇറക്കമാണ്. കരിങ്കല്ലു പാകിയ വഴിയിലൂടെ താഴെയെത്തുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരത്തിന് അഹങ്കാരം കൂടി. പരസ്പരം പറയുന്നതെന്താണെന്ന് കൂടി മനസ്സിലാക്കാന്‍ സാധിക്കാത്തത്ര ശബ്ദത്തിലാണ് വെള്ളം പതിക്കുന്നത്. ഇവിടെ ശരിക്കും അപകടമേഖലയാണ്. വെള്ളം പതിക്കുന്നതിന് കുറച്ചിപ്പുറത്ത് വടം കെട്ടിയിട്ടുണ്ട്. വനവകുപ്പിന്റെ വാച്ചര്‍മാരുമുണ്ടിവിടെ.
---------------------------
തൃശ്ശൂര്‍ നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ശക്തന്‍ തമ്പുരാന്‍ കൊട്ടാരം കൊച്ചി രാജവംശത്തിന്റെ ചരിത്രസാക്ഷിയാണ്‌. വടക്കുന്നാഥക്ഷേത്രത്തിനു സമീപമുള്ള ഈ കൊട്ടാരം മുമ്പ്‌ വടക്കേച്ചിറ കോവിലകം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. കൊച്ചിരാജ്യത്തെ ഏറ്റവും പ്രശസ്‌തനും പ്രബലനുമായിരുന്ന രാജാവ്‌ രാമവര്‍മ ശക്തന്‍ തമ്പുരാന്‍ (1790 - 1805) കോവിലകം നവീകരിച്ച്‌ ഇന്നത്തെ രൂപത്തിലാക്കി. കേരളീയ, ഡച്ച്‌ ശൈലികളില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ്‌ ഈ മന്ദിരം.

ഇരുനിലയുള്ള നാലുകെട്ടാണ്‌ കൊട്ടാരത്തിന്റെ പ്രധാനഭാഗം. ഉയര്‍ന്ന മേല്‍ക്കൂരകളും കനംകൂട്ടി നിര്‍മ്മിച്ചിട്ടുള്ള ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ നിലവും വിശാലമായ മുറികളും ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തെ വേറിട്ടു നിര്‍ത്തുന്നു.

വ്യത്യസ്‌ത സമയഘട്ടങ്ങളിലായി മൈസൂര്‍ ഭരണാധികാരികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിച്ചതിന്റെ അടയാളങ്ങള്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ കാണാം. അവര്‍ ഇവിടെ താമസിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍ സൈന്യത്തോടൊപ്പം ഈ കൊട്ടാരത്തില്‍ കടന്നതായി കരുതുന്നു. അദ്ദേഹം സ്ഥാപിച്ച കൊടിമരം കൊട്ടാരത്തിനു മുന്നില്‍ മതില്‍ക്കെട്ടിനോടു ചേര്‍ന്നു കാണാവുന്നതാണ്‌. ശക്തന്‍ തമ്പുരാന്റെ അന്ത്യ വിശ്രമസ്ഥലം കൊട്ടാരത്തില്‍ സ്ഥിതി ചെയ്യുന്നു. ഒരു സാമൂതിരി രാജാവിന്റെയും ഒരു കൊച്ചിരാജാവിന്റെയും അന്ത്യവിശ്രമസ്ഥലങ്ങളും കൊട്ടാര വളപ്പിലുണ്ട്‌. ഒരു സര്‍പ്പക്കാവും ഇവിടെയുണ്ട്‌.

കൊട്ടാരത്തിന്റെ തെക്കുവശത്തായുള്ള പൈതൃകോദ്യാന (heritage garden) ത്തില്‍ കേരളത്തിന്റെ തനതു വൃക്ഷങ്ങളും സസ്യങ്ങളും സംരക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ വടക്കു കിഴക്കു ഭാഗത്ത്‌ തൃശ്ശൂരില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ചിട്ടുള്ള ശിലായുഗകാലം മുതലുള്ള പുരാവസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കേരളടൂറിസത്തിന്റെ സഹായത്തോടെ സംസ്ഥാന പുരാവസ്‌തു വകുപ്പ്‌ സമീപകാലത്ത്‌ പുനരുദ്ധരിച്ച ഈ കൊട്ടാരത്തില്‍ വിശാലമായൊരു മ്യൂസിയമുണ്ട്‌. 12 മുതല്‍ 18 വരെ നൂറ്റാണ്ടുകളിലെ പിത്തള വിഗ്രഹങ്ങള്‍ അടങ്ങിയ ബ്രോണ്‍സ്‌ ഗാലറി, ഒമ്പതാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയിലെ ശിലാവിഗ്രഹങ്ങളടങ്ങിയ സ്‌കള്‍പ്‌ചര്‍ ഗാലറി, പുരാരേഖാ ഗാലറി തുടങ്ങിയവ മ്യൂസിയത്തിന്റെ സവിശേഷതകളാണ്‌.

കൊച്ചിരാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, പുരാതന നാണയങ്ങള്‍, മഹാശിലാസ്‌മാരകങ്ങള്‍ തുടങ്ങിയവയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ചരിത്രഗാലറി കൊച്ചിരാജവംശത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ അവതരിപ്പിക്കുന്നു.

-----------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text