10 ഏപ്രിൽ 2013

ജൂണിൽ പെയ്യുന്ന മഴയോർമ്മകൾ

ബാല്യത്തിന് നിറം ചാര്‍ത്തിയ മഴയേയും സ്‌കൂള്‍ ജീവിതത്തേയും ഓര്‍മ്മപ്പെടുത്തി ഒരു ജൂണ്‍ കൂടി പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. മനസ്സിലേക്ക് നിറയെ ഗൃഹാതുരമായ ഓര്‍മ്മകള്‍ എറിഞ്ഞുതരികയാണ് എന്നും ജൂണ്‍. ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന പ്രഭാതത്തില്‍ പുത്തന്‍ യൂണിഫോമിനുള്ളില്‍ മഴ നനയാതെ പുസ്തകം ഒതുക്കിവെച്ച് സ്‌കൂളിലേക്ക് തിരികെ പോകാന്‍ മനസ് വെമ്പല്‍ കൊള്ളുന്നുണ്ട് ഓരോ ജൂണിലും. എത്ര കണ്ടാലും എത്ര നനഞ്ഞാലും തീരാത്ത പ്രത്യേക കുളിര് മഴ സമ്മാനിക്കുമ്പോള്‍ എന്നും ഓര്‍ത്ത് വെക്കാനുള്ള ഒരു പിടി അനുഭവങ്ങളായിരിക്കും സ്‌കൂള്‍ ജീവിതം വിളമ്പി നല്‍കുക. മനസ്സിന് ഉന്മേഷം പകരുന്ന ഇവ രണ്ടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നതാണ് ജൂണിന്റെ പ്രത്യേകത.
ജൂണില്‍ സ്‌കൂള്‍ തുറക്കുന്നു എന്നതല്ല. ജൂണില്‍ മഴയെത്തുന്നു എന്നതാണ് മനസ്സിന് ഉത്തേജകം നല്‍കിയിരുന്നത്. കളിചിരി നിറഞ്ഞ അവധിക്കാലത്തിന്റെ കൊതിതീരും മുമ്പെ സ്‌കൂള്‍ തുറക്കുന്നു എന്ന് തോന്നുമ്പോഴുണ്ടാവുന്ന നീരസം നിര്‍ത്താതെ പെയ്യുന്ന മഴക്കൊപ്പം ഒലിച്ചിറങ്ങിപ്പോയിരുന്നു.
ഒറ്റമടക്കു മാത്രമായിരുന്ന തുണിയുടെ കറുത്ത നീളന്‍ കുടയായിരുന്നു എന്നെ മഴ നനയാതെ സ്‌കൂളിലെത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന് ദ്രവിച്ച കുടയുടെ ചെറിയ ഓട്ടകളിലൂടെ മഴ ചാറ്റിവരും. ചുറ്റിലുമുള്ള കമ്പി വക്കുകളില്‍ നിന്ന് ഉറ്റിറ്റുവീഴുന്ന മഴത്തുള്ളികളെ കൈകൊണ്ട് തട്ടിത്തെറിപ്പിക്കാനും വല്ലാത്തൊരു രസമായിരുന്നു. മഴക്കൊപ്പം നിഴലായി കാറ്റ് എത്തുന്നേരം കുട തലതിരിച്ചുകളയും. ആമ്പലം മറിഞ്ഞ കുടയെ നന്നാക്കാനുള്ള ശ്രമത്തിനിടെ മഴയാകെ നനച്ചുകളയും. ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രായത്തിലെ മഴക്കാല ചിത്രത്തിന് വല്ലാത്തൊരഴകായിരുന്നു. സൗകര്യങ്ങളൊക്കെ ഉള്ളം കൈയ്യിലൊതുങ്ങിയ പുതിയ കാലത്ത് കീശയില്‍ ഒതുങ്ങുന്ന കുടയുമായി, അല്ലെങ്കില്‍ ദേഹമാകെ മറയുന്ന പ്ലാസ്റ്റിക് കോട്ടണിഞ്ഞ് സഞ്ചരിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് മഴയുടെ ലാസ്യഭംഗി ആസ്വദിക്കാനാവില്ലെന്നത് തീര്‍ച്ചയാണ്.
സ്‌കൂളിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് കൗശലമൊപ്പിച്ച് കുട്ടികളെ കാത്ത് നില്‍ക്കുന്നുണ്ടാവും. മഴവെളളം തടകെട്ടി നിര്‍ത്തിയ ചളിക്കുഴിയില്‍ തെന്നി വീഴാതിരിക്കാന്‍ മുന്‍ കരുതലെന്നോണം ഹവായ് ചെരുപ്പിന്റെ പിന്നിലെ വശത്ത് റബ്ബര്‍ ബാന്റ് ഘടിപ്പിച്ചായിരിക്കും അന്ന് സ്‌കൂളിലേക്ക് പോവുക. പക്ഷെ, മഴയൊരുക്കിയ ചതിക്കുഴിയിലെ ചെളിയില്‍ കാല്‍പൂണ്ട് ചെരിപ്പ് പറ്റിപ്പിടിച്ച് നില്‍ക്കും. ചെരിപ്പിനെ ഊരിയെടുക്കാനുള്ള തീവ്രശ്രമമാവും പിന്നെ. അതിന്റെ അടയാളപ്പെടുത്തലെന്നോളം യൂണിഫോമിന്റെ വെളുത്ത ഉടുപ്പിന് മണവും നിറവുമൊക്കെ മണ്ണിന്റേതായി മാറിയിരിക്കും.
ഓടുപാകിയ സ്‌കൂള്‍ കെട്ടിടത്തിന്റെ വിടവിലൂടെ മഴ ക്ലാസിനകത്തേക്കും അതിഥിയായെത്തും. ഇന്റര്‍വെല്‍ സമയത്ത് സ്‌കൂള്‍ വരാന്തയില്‍ നിന്ന് മഴ ഭംഗി ആസ്വദിക്കും: മഴയെ തൊടാനും കയ്യിലെടുത്ത് കുളിരു കൊള്ളാനും വരാന്തയോട് ചേര്‍ന്നൊഴുകുന്ന മഴവെള്ളത്തെ കാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനും വല്ലാത്ത ഉത്സാഹമായിരുന്നു. മഴ നിര്‍ത്താതെ പെയ്യുന്ന നാളുകളില്‍ ഉച്ചഭക്ഷണം കഴിക്കലും ക്ലാസിനകത്ത് വെച്ച് തന്നെയാവും. പുസ്തകത്തിലെ പേജുകള്‍ കീറിയുണ്ടാക്കിയ കടലാസു തോണികള്‍ സ്‌കൂള്‍ വരാന്തയോട് ചേര്‍ന്നൊഴുകുന്ന മഴവെള്ളപ്പാച്ചലില്‍ ഒഴുക്കിവിടാനുള്ള മത്സരമാവും ഒഴിവു നേരങ്ങളില്‍. വെള്ളത്തിന്റെ കുത്തൊഴുക്കിനൊപ്പം വേച്ചുവേച്ചു നീങ്ങുന്ന കടലാസുതോണികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉച്ചഭക്ഷണത്തിനായി അനുവദിച്ച സമയം എളുപ്പത്തില്‍ കഴിയും.
കാര്‍മേഘം വരണ്ടുകൂടി മഴ ഇരുട്ടുകൂട്ടി എത്തുന്ന നേരങ്ങളില്‍ സ്‌കൂളിന്റെ ലോങ്ങ്‌ബെല്‍ നേരത്തെ മുഴങ്ങും. അത് മുന്‍കൂട്ടി അറിഞ്ഞതു കൊണ്ടാവണം മാനം കറുക്കുമ്പോള്‍ ക്ലാസില്‍ നിന്നിറങ്ങിയോടാന്‍ മനസ്സും ശരീരവും തിടുക്കം കാട്ടും. ഉള്ളില്‍ കുളിരു ചൊരിയുന്ന ഒരു പ്രത്യേക കാലാവസ്ഥയായിരിക്കും അന്നേരം. മഴയെത്തും മുമ്പെ വീട്ടിലെത്തണമെന്ന ടീച്ചറുടെ അഭ്യര്‍ത്ഥന ആ കുളിരിലലിഞ്ഞ് മറന്നുപോകും.
പഞ്ഞിക്കെട്ടുകള്‍ പോലെ മാനത്ത് മെല്ലെ സഞ്ചരിക്കുന്ന മഴമേഘങ്ങളെ നോക്കി വളരെ പതിയെയായിരിക്കും വീട്ടിലേക്കുള്ള യാത്ര. ചെറിയ തുള്ളികളായി തലയിലേക്ക് പെയ്തു തുടങ്ങുന്ന മഴ അനുഭൂതിദായകമായ എന്തോ ഒരു സുഖം അനുഭവപ്പെടുത്തും അന്നേരം. വീട്ടിലേക്കുള്ള മടങ്ങിപ്പോക്കില്‍ മഴയുമായി ചങ്ങാത്തം കൂടിയിരിക്കും. കുടയുണ്ടെങ്കിലും മഴയാകെ നനച്ചുകളയും. പുസ്തകങ്ങളൊക്കെ മഴകൊണ്ട് കീറിയിരിക്കും. കുടയെടുക്കാത്ത ദിവസങ്ങളില്‍ വിണ്ടുകീറിയ സ്ലേറ്റും തലയില്‍ വെച്ച് മഴക്കൊപ്പം ഓടിപ്പോയത് ഇപ്പോഴും ഓര്‍മ്മകളെ തലോടുന്നുണ്ട്. റോഡിലെ ചെളിക്കുഴിയില്‍ ടയറുകള്‍ താഴ്ന്ന് ഓട്ടോയും കാറുമൊക്കെ കുടുങ്ങിക്കിടക്കുന്നത് മഴക്കാലത്തെ പതിവ് കാഴ്ചയായിരുന്നു. മഴയില്‍ കുളിച്ച് ഡ്രൈവര്‍ക്കൊപ്പം വണ്ടി തള്ളിനീക്കാന്‍ വല്ലാത്തൊരാവേശമായിരുന്നു. യൂണിഫോമിലാകെ ചെളിപുരണ്ട നിലയിലായിരിക്കും അന്ന് വീട്ടിലെത്തുക.
മഴ നനഞ്ഞ് എത്തുന്നേരം വീടിന്റെ ഉമ്മറപ്പടിയില്‍ ഉമ്മ തോര്‍ത്തുമായി കാത്തിരിക്കുന്നുണ്ടാവും. കുടയെടുക്കാതെ സ്‌കൂളില്‍പോയതും യൂണിഫോമില്‍ അഴുക്ക് പടരുന്നതും ചൊല്ലി വഴക്കിടുകയാവും തലതോര്‍ത്തിത്തരുമ്പോള്‍ ഉമ്മ. മഴക്കൊപ്പമുള്ള ഇടിമുഴക്കവും ഉമ്മയുടെ വഴക്കുപറച്ചിലും എന്തോ ഒരു പോലെ തോന്നിയിരുന്നു.
മഴയില്‍ കുതിര്‍ന്ന പുസ്തകവും നനഞ്ഞ യൂണിഫോമും അടുക്കളയിലെ ചൂടുള്ള ഭാഗത്ത് ഉണക്കാനിടും. മഷി കുടഞ്ഞതുപോലുള്ള കറുത്ത പുള്ളികള്‍ വെളുത്ത ഉടുപ്പിലാകെ പടര്‍ന്നിരിക്കും. കരിമ്പനടിച്ച ഈ ഉടുപ്പണിഞ്ഞായിരിക്കും പിന്നീടുള്ള സ്‌കൂളില്‍പോക്ക്.
മുറ്റത്ത് നിലക്കാതെ പെയ്യുന്ന മഴ ഭംഗി ആസ്വദിച്ച് വീടിന്റെ ജനാലക്കരികിലിരുന്ന് ചായ കുടിക്കലായിരുന്നു സായാഹ്നങ്ങളിലെ പതിവ്. പ്രകൃതിയുടെ ആ പ്രത്യേകഭംഗി ആസ്വദിക്കുന്നതിനിടയില്‍ ചായയും മിക്ചറും ചിപ്‌സുമൊക്കെ തീര്‍ന്നതെ അറിയില്ല. ചക്ക വിഭവങ്ങളും മധുരക്കിഴങ്ങ് വിഭവങ്ങളുമൊക്കെ ഇഷ്ടഭക്ഷണമായി മാറുന്നതും ഈ മഴവേളകളിലായിരുന്നു.
ഹോംവര്‍ക്ക് ചെയ്യാത്തതിന് മുതിര്‍ന്ന ക്ലാസുകളിലെപ്പോഴോ അധ്യാപകന്‍ ക്ലാസിന് പുറത്ത് നിര്‍ത്തിയ നേരത്തായിരുന്നു മഴ ഭംഗിയുടെ പൂര്‍ണ്ണതയത്രയും ഞാനറിഞ്ഞത്. മഴക്കൊപ്പം അലിഞ്ഞ് ചേരാന്‍ ഉള്ളം കൊതിച്ചിരുന്നു അന്നേരം. മഴപെയ്യുന്നത് പുറത്ത് മാത്രമല്ല അകത്ത് കൂടിയാണെന്ന തിരിച്ചറിവുണ്ടായതും അപ്പോഴായിരുന്നു-മഴ ഓര്‍മ്മകളില്‍ നിര്‍ത്താതെ പെയ്യുകയാണ്. മഴക്കൊപ്പം കാറ്റും വിരുന്നെത്തും നേരം ബാല്യം നാട്ടിലെ മാമ്പഴച്ചുവട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. കാറ്റ് വീശുന്നേരം മാവിന്‍ ചുവട്ടിലേക്ക് ഓടിയെത്താനുള്ള ത്വരയിലായിരിക്കും ഓരോരുത്തരും. ബാല്യകാലത്തിന്റെ വളപ്പൊട്ടുകള്‍ ചികയുമ്പോള്‍ മഴയും സ്‌കൂളും പോലെ മാഞ്ചുവടുകളും അനുഭവങ്ങളുടെ പെട്ടി തുറക്കുന്നുണ്ടാവും.
സ്‌കൂള്‍ വിട്ടതിന് ശേഷമുള്ള ഒഴിവ് സമയങ്ങളില്‍ നിറപ്പകിട്ടാര്‍ന്ന നാടന്‍കളികളില്‍ ഏര്‍പ്പെടും. മഴ നനഞ്ഞ് വ്യത്യസ്തങ്ങളായ കളിയില്‍ ഏര്‍പ്പെട്ട് ഒഴിവ് സമയങ്ങള്‍ എളുപ്പത്തില്‍ തീരും, ഇടവപ്പാതി മഴയുടെ കുളിരത്രയും ആവാഹിച്ച് നിര്‍ത്തിയ നാട്ടിലെ തോടുകളും പള്ളിക്കുളങ്ങളുമൊക്കെ സായാഹ്നങ്ങളെ പൊലിവുള്ളതാക്കും. തോട്ടിലെ മീന്‍കുഞ്ഞുങ്ങളെ കോരിയെടുക്കാനുള്ള സാഹസം അന്നത്തെ ഹോബിയായിരുന്നു. അങ്ങനെ കിട്ടുന്ന മീനുകളെ ചില്ലുകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ട് ദിവസങ്ങളോളം നിരീക്ഷിച്ചുകൊണ്ടിരിക്കും. 
മഴ നനഞ്ഞുറങ്ങിയ പിറ്റേന്ന് മുതല്‍ മിക്കവാറും പനിപിടിച്ച് കിടപ്പാകും. അന്നേരം കമ്പിളി പുതച്ച് ജനലിനോട് ചേര്‍ന്നുകിടന്ന് മുറ്റത്തെ മഴഭംഗി ആസ്വദിക്കാന്‍ വേറിട്ട സുഖമായിരുന്നു. മനസ് അപ്പോഴും മഴയോടൊപ്പം അര്‍മാദിച്ച് നടക്കുകയാവും.
കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കത കളഞ്ഞുപോയ ബാല്യത്തെ മഴ ഇടക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മഴ ഭംഗി ആസ്വദിക്കാനില്ലാതെ ഇന്നത്തെ കുട്ടികള്‍ വീട്ടകങ്ങളില്‍ അവര്‍ക്കായൊരുക്കിയ മുറിയില്‍ സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളുമായി സമയം ചെലവഴിക്കുകയാണ്. അവര്‍ മഴ കൊള്ളാനില്ലാത്തതുകൊണ്ടാവണം മഴക്ക് പെയ്യാന്‍ വലിയ താല്‍പര്യമില്ലെന്ന് തോന്നുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text